Latest Updates

ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26- മത് ഐ.എഫ്.എഫ്.കെ മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.

തുര്‍ക്കിയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് മുഖ്യാതിഥിയായിരിക്കും.

ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് ഉദ്ഘാടന ചിത്രം.  ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി  5.30ന് ഈയിടെ അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഗായത്രി അശോകന്‍ ഗാനങ്ങള്‍ ആലപിക്കും. അക്കോര്‍ഡിയന്‍ വാദകന്‍ സൂരജ് സാഥേ സംഗീതപരിപാടിക്ക് അകമ്പടി സേവിക്കും.

മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍

മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്ക്രീനുകള്‍, ഏരീസ് പ്ളക്സിലെ അഞ്ചു സ്ക്രീനുകള്‍, അജന്ത, ശ്രീപത്മനാഭ എന്നീ  15 തിയേറ്ററുകളിലായാണ് മേള നടക്കുന്നത്.

അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ 86 സിനിമകളാണുള്ളത്. അഫ്ഗാനിസ്ഥാന്‍, കുര്‍ദിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ സംഘര്‍ഷ ബാധിത മേഖലകളില്‍നിന്നുള്ള സിനിമകളുടെ പാക്കേജ് ആയ ഫ്രെയിമിംഗ് കോണ്‍ഫ്ലിക്റ്റ്, പോര്‍ച്ചുഗീസ് സംവിധായകന്‍ മിഗ്വില്‍ ഗോമസിന്‍െറ ചിത്രങ്ങള്‍ അടങ്ങിയ പാക്കേജ്, റെസ്റ്ററേഷന്‍ നടത്തിയ ക്ളാസിക് സിനിമകളുടെ പാക്കേജ്, ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ആയ ക്രിട്ടിക്സ് ചോയ്സ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, ബുദ്ധദേവ് ദാസ് ഗുപ്ത, കെ.എസ് സേതുമാധവന്‍, ഡെന്നിസ് ജോസഫ്, പി.ബാലചന്ദ്രന്‍, ദിലീപ് കുമാര്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍ എന്നീ അന്തരിച്ച ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ഹോമേജ് വിഭാഗം എന്നിവയും മേളയിലുണ്ട്.

ജി.അരവിന്ദന്‍െറ കുമ്മാട്ടി എന്ന ചിത്രത്തിന്‍െറ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പിന്‍െറ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് ഈ മേളയില്‍ നടക്കുന്നത്.

പ്രമുഖ കന്നട സംവിധായകനായ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയര്‍മാന്‍. എഡിറ്റര്‍ ജാക്വസ് കോമറ്റ്സ്, സംവിധായിക മാനിയ അക്ബാരി, അഫ്ഗാന്‍ ചലച്ചിത്രകാരി റോയ സാദത്ത്, നിര്‍മ്മാതാവ് ഷോസോ ഇച്ചിയാമ എന്നിവരാണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ ജൂറി അംഗങ്ങള്‍. നിരൂപകരായ വിയറ ലാഞ്ചറോവ, ജിഹാനെ ബോഗ്രൈന്‍, അശോക് റാണെ എന്നിവരാണ് ഫിപ്രസ്കി അവാര്‍ഡിന്‍െറ ജൂറി അംഗങ്ങള്‍. രശ്മി ദൊരൈസ്വാമി, ബോബി ശര്‍മ്മ ബറുവാ, ബൂഡി കീര്‍ത്തിസേന എന്നിവരാണ് നെറ്റ്പാക് ജൂറി അംഗങ്ങള്‍. എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡിന്‍െറ ജൂറി അംഗങ്ങളായി അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ, സണ്ണി ജോസഫ് എന്നിവര്‍ പ്രവര്‍ത്തിക്കും.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.

Get Newsletter

Advertisement

PREVIOUS Choice